സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍; ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി ഉറപ്പിച്ച്‌ മന്ത്രിസഭാ യോഗം

സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍; ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി ഉറപ്പിച്ച്‌ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേ​ഗം നിയമനം നടത്താന്‍ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. പുതിയ 400 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. 400 തസ്തികകളില്‍ 113 എണ്ണം പൊലീസ് സര്‍വീസിലാണ് നല്‍കുന്നത്. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും.

84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയ ഗെയിംസ് ജേതാക്കള്‍ അടക്കമുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്. 2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവര്‍ക്കാണ് ജോലി ലഭിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു.


അതേസമയം ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.