തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജര്‍മ്മന്‍ പൗരന്‍ മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്‍പ്പാറ-പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു ആക്രമണം.
റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കില്‍ നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ആന വീണ്ടും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദേഹത്തെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളം വെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്. മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.