പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: അനന്തുവിന്റെ 21 അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കൊച്ചിയില്‍ ഇന്ന് തെളിവെടുപ്പ്

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: അനന്തുവിന്റെ 21 അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കൊച്ചിയില്‍ ഇന്ന് തെളിവെടുപ്പ്

കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍.

കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയില്‍ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.

അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പണം നല്‍കിയെന്ന് അനന്തു മൊഴി നല്‍കിയിരുന്നു. 2023 അവസാനം ആരംഭിച്ച സ്‌കൂട്ടര്‍ വിതരണ പദ്ധതി പ്രകാരം ഇനിയും ആയിരക്കണക്കിനാളുകള്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കാനുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

എന്‍.ജി.ഒ കോണ്‍ഫെഡറേഷനില്‍ നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.