ചെന്നൈ: തമിഴ്‌നാടിനെ അനാവശ്യമായി വിമര്‍ശിച്ചാല്‍ അത് തീക്കളിയാകുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി നടനും ടിവികെ പ്രസിഡന്റുമായ വിജയ്.
കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാനത്തിന്റെ ഭാഷാ നയത്തിനെ എതിര്‍ക്കുന്നതും പ്രതികാര ബുദ്ധിയില്‍ ഫണ്ട് തരാത്തതും ഫാസിസമാണെന്നും വിജയ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തമിഴ് മാസിക വികടന് വിജയ് പിന്തുണയും പ്രഖ്യാപിച്ചു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും വികടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കില്‍ നിയമപരമായി നേരിടണമായിരുന്നുവെന്നും അദേഹം പറഞ്ഞു.
വെബ്‌സൈറ്റ് വിലക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഫാസിസം ആരില്‍ നിന്നുണ്ടായാലും ടിവികെ എതിര്‍ക്കുമെന്നും വിജയ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപിയുടെ പരാതിയില്‍ തമിഴ് മാസിക വികടന്റെ വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടന്‍ മാസികയുടെ അധികൃതര്‍ പറഞ്ഞു.