പ്രോട്ടോകോള്‍ മാറ്റിവച്ച് മോഡി വിമാനത്താവളത്തില്‍; ഖത്തര്‍ അമീറിന് ഊഷ്മള വരവേല്‍പ്പ്

പ്രോട്ടോകോള്‍ മാറ്റിവച്ച് മോഡി വിമാനത്താവളത്തില്‍; ഖത്തര്‍ അമീറിന് ഊഷ്മള വരവേല്‍പ്പ്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ പ്രോട്ടോകോള്‍ മാറ്റി വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.

വിമാനത്താവളത്തില്‍ ഇരു നേതാക്കളും ആലിംഗനം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. 'എന്റെ സഹോദരന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സ്വാഗത ചെയ്യാന്‍ വിമാനത്താവളത്തിലെത്തി. നാളത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു'- മോഡി എക്സില്‍ കുറിച്ചു.

ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാര്‍ച്ചിലായിരുന്നു ആദ്യ സന്ദര്‍ശനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും അദേഹം കൂടിക്കാഴ്ച നടത്തും. നാളെ അല്‍താനിക്ക് രാഷ്ട്രപതിഭവനില്‍ സ്വീകരണവും നല്‍കും.

പരസ്പര താല്‍പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുന്നതിനൊപ്പം വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

അമീറിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ഡിസംബര്‍ 31, ജനുവരി ഒന്ന് തിയതികളില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ അമീറിന്റെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.