കാര്യവട്ടം ഗവണ്‍മെന്റ് കോളജിലെ റാഗിങ്; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കാര്യവട്ടം ഗവണ്‍മെന്റ്  കോളജിലെ റാഗിങ്; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങിന് വിധേയരാക്കിയ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് സസ്‌പെന്‍ഷനിലായ ഏഴ് പേരും.

വിവസ്ത്രനാക്കി മുട്ടില്‍ നിര്‍ത്തിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളജിലെ റാഗിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

എസ്എഫ്‌ഐ യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി ഉപദ്രവിച്ചതെന്ന് റാഗിങിനിരയായ വിദ്യാര്‍ഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയില്‍ തടഞ്ഞുവെച്ച് വിചാരണ ചെയ്തു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതികള്‍. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും പരിശോധിച്ചാണ് റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ കോളജുകളില്‍ റാഗിങ് പതിവ് സംഭവമായി മാറിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.