'രാജ്യത്ത് തിരികെ എത്തി പ്രതികാരം ചെയ്യും': ഇടക്കാല സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

'രാജ്യത്ത് തിരികെ എത്തി പ്രതികാരം ചെയ്യും': ഇടക്കാല സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: താന്‍ രാജ്യത്ത് തിരിച്ചെത്തി പ്രതികാരം ചെയ്യുമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചു വിടുകയാണെന്നും താന്‍ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൂം മീറ്റിങിലൂടെയാണ് ഷെയ്ക്ക് ഹസീന മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ചത്.

മുഹമ്മദ് യൂനസ് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍. ഇടക്കാല സര്‍ക്കാര്‍ ആളുകളെ കശാപ്പ് ചെയ്യാന്‍ ഭീകരരെ അഴിച്ചു വിടുകയാണ്. മുഹമ്മദ് യൂനുസിനെ 'മോബ്സ്റ്റര്‍' എന്നും ഷെയ്ക്ക് ഹസീന വിശേഷിപ്പിച്ചു.

സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ താന്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ദൈവത്തിന്റെ കൃപയാല്‍ എന്തെങ്കിലും നല്ലത് ചെയ്യാനാണ് തന്നെ ജീവനോടെ നിലനിര്‍ത്തിയത്. താന്‍ മടങ്ങിവന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും ഹസീന വ്യക്തമാക്കി.

എന്നാല്‍ ഷെയ്ഖ് ഹസീനയെ രാജ്യത്ത് തിരികെയെത്തിച്ച് വിചാരണ നടപ്പാക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം പ്രതികരിച്ചു. അതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമെന്നും യൂനുസിന്റെ പ്രസ് സെക്രട്ടറി ഷാഫിക്കുല്‍ ആലം പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.