തെലങ്കാന ടണല്‍ ദുരന്തം: ദൗത്യം അതീവ ദുഷ്‌കരം; രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം

തെലങ്കാന ടണല്‍ ദുരന്തം: ദൗത്യം അതീവ ദുഷ്‌കരം; രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിന്റെ എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാഗര്‍കുര്‍ണൂലെ അംറബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) പദ്ധതി പ്രദേശത്ത് ഇന്നലെ ഉണ്ടായ അപകടത്തില്‍ രണ്ട് എന്‍ജീനിയര്‍മാരും രണ്ട് മെഷിന്‍ ഓപ്പറേറ്റര്‍മാരും നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.

മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18 നാണ് തുറന്നത്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി രേവന്ത് റെഡിയെ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.