കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാല് പേരും മരിച്ചു. ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. രാജു (45) ചൊവ്വാഴ്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്നലെ രാവിലെ റീനയുടെയും വൈകിട്ട് സ്റ്റെഫിന്റെയും മരണം.
വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്ന് പൊലീസ് കരുതുന്നത്. അഗ്നിശമന സേനയെത്തിയാണ് വീട്ടിലെ തീയണച്ചത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണ് ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കണ്ണൂർ ജില്ലയിലെ തുവക്കുന്നിൽ നിന്നു കായലോട്ടുതാഴെയിൽ വീട് വച്ചു താമസിക്കുകയായിരുന്നു. കണ്ണൂർ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് സ്റ്റെഫിൻ. കണ്ണൂർ കടവത്തൂർ സ്വദേശിനിയാണ് റീന. റീനയുടെ സഹോദരങ്ങൾ: ഹരീഷ്, രാജീവൻ, രജനി എന്നിവരാണ്.