കെജരിവാളിനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം; പഞ്ചാബില്‍ നിന്നും പാര്‍ലമെന്റിലെത്താന്‍ ശ്രമം

കെജരിവാളിനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം;   പഞ്ചാബില്‍ നിന്നും പാര്‍ലമെന്റിലെത്താന്‍ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം.

പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമം. ഇതിനായി എഎപിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന.

അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ എഎപി സ്ഥാനാര്‍ത്ഥിയാക്കും. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദേഹം രാജ്യസഭാംഗത്വം രാജിവെക്കും.

തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചന. വിജയിച്ച് നിയമസഭയിലെത്തിയാല്‍ സഞ്ജീവ് അറോറയെ പഞ്ചാബിലെ ഭഗവന്ത് മന്‍ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയേക്കും.

ലുധിയാന നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാകും കെജരിവാളിന്റെ രാജ്യസഭ സീറ്റില്‍ എഎപി അന്തിമ തീരുമാനമെടുക്കുക. മറ്റൊരു രാജ്യസഭ എംപിയും കെജരിവാളിനായി സീറ്റൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയോടാണ് കെജരിവാള്‍ അപ്രതീക്ഷിത തോല്‍വി ഏറ്രുവാങ്ങിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.