മോറിഗാവ്: അസമില്‍ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പ നിരീക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് പുലര്‍ച്ചെ 2:25 ന് 16 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ ഒന്നായ അസമില്‍ ഭൂകമ്പങ്ങള്‍ വളരെ സാധാരണമാണ്. ഇത് ശക്തമായ ഭൂകമ്പ സാധ്യത കൂടുതലായ സീസ്മിക് സോണ്‍ വി- യില്‍ പെടുന്നു.
ചൊവ്വാഴ്ച രാവിലെ ബംഗാള്‍ ഉള്‍ക്കടലിലും റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റര്‍ താഴ്ചയിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ ഭൂകമ്പം ഉണ്ടായത്. കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.