നൃൂഡല്‍ഹി: ഇന്ത്യന്‍ എക്സ്പ്രസിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. പോഡ്കാസ്റ്റ് അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂര്‍ വ്യക്തമാക്കി. സാഹിത്യത്തില്‍ സമയം ചെലവഴിക്കാന്‍ മറ്റ് വഴികള്‍ ഉണ്ടെന്ന് പറഞ്ഞത് രാഷ്ട്രീയത്തില്‍ മറ്റ് വഴികള്‍ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി. കേരളത്തില്‍ പ്രധാനപ്പെട്ട നേതാവില്ലെന്ന് താന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് വ്യാജ വാര്‍ത്ത നല്‍കി. ഇതില്‍ ഉള്‍പ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂര്‍ ഇന്ത്യന്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ പുറത്തുവന്നത്. ഇത് കോണ്‍ഗ്രസില്‍ വലിയ ചലനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടെന്നുമാണ് താന്‍ സൂചിപ്പിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തേ അഭിമുഖത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ ശശി തരൂര്‍ ഉറച്ചുനിന്നിരുന്നു.
നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളിക്കളഞ്ഞും ശശി തരൂര്‍ രംഗത്തെത്തിയത്.