ന്യൂഡല്‍ഹി: വ്യാപാരമുദ്രാ അവകാശങ്ങള്‍ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി.
ബെവര്‍ലി ഹില്‍സ് പോളോ ക്ലബ് (ബിഎച്ച്പിസി) കുതിര വ്യാപാരമുദ്രയുടെ ഉടമയായ ലൈഫ്‌സ്‌റ്റൈല്‍ ഇക്വിറ്റീസ് ആണ് കേസ് ഫയല്‍ ചെയ്തത്. ആമസോണ്‍ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു കേസ്.
നിയമലംഘനം നടത്തിയ ബ്രാന്‍ഡ് ആമസോണ്‍ ടെക്‌നോളജീസിന്റേതാണെന്നും ആമസോണ്‍ ഇന്ത്യ പ്ലാറ്റ്ഫോമിലാണ് വിറ്റതെന്നും കോടതി പരാമര്‍ശിച്ചു. ഇന്ത്യന്‍ വ്യാപാരമുദ്ര നിയമത്തിലെ ഒരു നാഴികക്കല്ലായ വിധിയായിട്ടാണ് നിയമവിദഗ്ധര്‍ ഇതിനെ കാണുന്നത്.
85 പേജുള്ള ഉത്തരവില്‍, ലംഘനം നടത്തിയ ഉല്‍പ്പന്നത്തിലെ ലോഗോ ബിഎച്ച്പിസിയുടെ വ്യാപാരമുദ്രയുമായി ഏതാണ്ട് സമാനമാണെന്ന് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിക്കുകയും ആമസോണിനെതിരെ 'സ്ഥിരമായ നിരോധനം' പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.
ആമസോണ്‍ മനപൂര്‍വമായ ലംഘനം നടത്തിയെന്ന് കോടതി വ്യക്തമാക്കി. ഇ-കൊമേഴ്സ് വ്യവസായത്തിലെ പ്രധാന കളിക്കാരില്‍ ഒരാളായി ആമസോണ്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തല്‍ഫലമായി സ്വന്തം ഉല്‍പ്പന്നങ്ങളും പ്രൊമോട്ട് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് അതിന്റെ ശക്തമായ സാന്നിധ്യം ഉപയോഗപ്പെടുത്താനുള്ള ശേഷിയും വിഭവങ്ങളും അതിനുണ്ട്.
നേരത്തെ യു.കെ പോലുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി സമാനമായ വ്യാപാരമുദ്രാ തര്‍ക്കങ്ങള്‍ നേരിട്ടിരുന്നു, ബ്രിട്ടീഷ് വ്യാപാരമുദ്രകള്‍ ലംഘിച്ചതിന് 2023 ല്‍ അപ്പീല്‍ നഷ്ടപ്പെട്ടു.