വാഷിങ്ടൺ ഡിസി: കാനേഡിയൻ – മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് തൽക്കാലം നിർത്തിവച്ചു. ഒരു മാസം കൂടി ഇളവ് അനുവദിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ താരിഫുകൾ നടപ്പിലാക്കാനാണ് ട്രംപിൻ്റെ ഇപ്പോഴത്തെ തീരുമാനം.
മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായുള്ള ചർച്ചകൾക്ക് ശേഷം മെക്സിക്കൻ ഇറക്കുമതിക്ക് അടുത്തിടെ ഏർപ്പെടുത്തിയ വലിയ താരിഫുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ട്രംപ് അറിയിച്ചു.“ഞാൻ ഇത് ഒരു ഒത്തുതീർപ്പ് എന്ന നിലയിലും പ്രസിഡന്റ് ഷെയിൻബോമിനോടുള്ള ബഹുമാനം കൊണ്ടുമാണ് ചെയ്തത്. ഞങ്ങളുടെ ബന്ധം വളരെ മികച്ചതായിരുന്നു.”ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ തീരുമാനത്തിന് മെക്സിക്കൻ പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞു
കാനഡയുമായുള്ള സംഘർഷം തുടരുകയാണെങ്കിലും കാനഡയ്ക്കും സമാന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് നാല് മുതൽ കാനഡക്കും മെക്സിക്കോക്കും മേൽ നടപ്പാക്കിയ 25 ശതമാനം നികുതി അമേരിക്കയുടെ സാമ്പത്തിക മേഖലയിലും വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയിലും വലിയ ചലനങ്ങളുണ്ടായി. ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് താരിഫ് തീരുമാനം നീട്ടിവയ്ക്കുന്നത്