അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിനകത്ത് വലിയ ശുദ്ധീകരണ നടപടികൾക്ക് എഐസിസി ഒരുങ്ങുന്നതായി സൂചന. ഗുജറാത്തിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ബിജെപിയുടെ സ്ലീപ്പർ സെല്ലുകളാണെന്നും അത്തരക്കാർ എത്ര പേരാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ പതിറ്റാണ്ടുകളായി ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശുദ്ധീകരിക്കാൻ നാൽപ്പത് പേരെ വേണമെങ്കിലും കൂട്ടത്തോടെ പിരിച്ചുവിടാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ഒരു പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
"നമുക്ക് ഗുജറാത്തിലെ ജനങ്ങളുമായി കൂടുതൽ അടുക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യ ദൗത്യം വിശ്വസ്തരെയും വിമതരെയും തമ്മിൽ വേർതിരിക്കലാണ്. 10, 15, 20, 30, 40... അങ്ങനെ എത്ര പേരെ നീക്കം ചെയ്യേണ്ടിവന്നാലും നല്ലൊരു മാതൃക കാണിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നവരെ പുറത്ത് കൊണ്ടുവരണം. അത്തരക്കാർ ബിജെപിക്ക് വേണ്ടി പരസ്യമായി പ്രവർത്തിക്കാൻ തയ്യാറാകണം. നമുക്ക് അത്തരക്കാരെ കണ്ടെത്തണം. ഇക്കൂട്ടർക്ക് ബിജെപിയിലും ഇടമുണ്ടാകുമെന്ന് കരുതേണ്ട. അവർ നിങ്ങളെയും പുറത്താക്കുമെന്നുറപ്പാണ്," രാഹുൽ ഗാന്ധി പറഞ്ഞു.