ഒട്ടാവ: ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ-കാനഡ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി.
അമേരിക്കയുടെ തീരുവനയം ഇന്ത്യക്കും കാനഡക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തില്‍ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ച് പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാന്‍ പുതിയ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാനഡയിലുള്ള ഇന്ത്യന്‍ സമൂഹം വീക്ഷിക്കുന്നത്.
മുന്‍ഗാമിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചു പിടിക്കാനുള്ള കാര്‍ണിയുടെ നീക്കങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുമായുള്ള വാണിജ്യ ബന്ധത്തെക്കുറിച്ച് കാര്‍ണിക്കുള്ള നിലപാട് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കും. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബ്രൂക് ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് എന്നിവയുടെ നേതൃ സ്ഥാനത്തിരുന്ന കാര്‍ണിക്ക് ഇന്ത്യയുടെ വാണിജ്യ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നതും ശുഭ പ്രതീക്ഷ നല്‍കുന്നു.
'സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി കാനഡയുടെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുമായുള്ള ബന്ധം പുനര്‍ നിര്‍മിക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ട്.
ആ വാണിജ്യ ബന്ധങ്ങള്‍ക്ക് ചുറ്റും പൊതുബോധങ്ങളുടെ മൂല്യങ്ങളുണ്ട്'- പ്രധാനമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തില്‍ കാനഡ സെന്‍ട്രല്‍ ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ മാര്‍ക് കാര്‍ണി നിലപാട് വ്യക്തമാക്കിയിരുന്നു.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെ തുടര്‍ന്ന് 2023 സെപ്റ്റംബറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.