ന്യൂയോര്‍ക്ക്: യു.എസിലെ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളംബിയ സര്‍വകലാശാലയില്‍ പാലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച വിദ്യാര്‍ഥി മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയായ ഖലീലിനെ ക്യാംപസിലെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. മാത്രമല്ല വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായം കഴിഞ്ഞ ദിവസം ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
ഹമാസ് അനുകൂലികളുടെ വിസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഹമാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സിയും വ്യക്തമാക്കി.
പാലസ്തീനെ അനുകൂലിച്ചും അമേരിക്ക ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെയും യു.എസ് ക്യാംപസുകളില്‍ മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. സിറിയയിലെ പാലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ വളര്‍ന്ന ഖലില്‍ ബെയ്‌റൂട്ടിലെ ബ്രിട്ടിഷ് എംബസിയില്‍ ജോലി ചെയ്തിട്ടുണ്ട്. യു.എസില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ഖലീലിന്റെ ഭാര്യയ്ക്ക് യു.എസ് പൗരത്വമാണുള്ളത്.
അതേസമയം ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ രംഗത്തുവന്നു. അറസ്റ്റ് വാറന്റുമായി വരുന്ന പൊലീസിനോട് എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശിച്ച് ഏതാനും ദിവസം മുന്‍പ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന് മുന്നില്‍ സര്‍വകലാശാലകള്‍ കീഴടങ്ങുകയാണെന്നായിരുന്നു സ്റ്റുഡന്റ് വര്‍ക്കേഴ്‌സ് ഓഫ് കൊളംബിയയുടെ ആരോപണം.