ന്യൂഡല്‍ഹി: ആശാ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ. രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം.
കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശികയും നല്‍കിക്കഴിഞ്ഞതാണെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാര്‍ എംപി രാജ്യസഭയില്‍ ചോദിച്ചത്.
ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെ.പി നഡ്ഡ എന്‍എച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.