മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ശുദ്ധമായ വായു ശ്വസിച്ച് രാജ്യ തലസ്ഥാനം; എ.ക്യു.ഐ 85 രേഖപ്പെടുത്തി

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ശുദ്ധമായ വായു ശ്വസിച്ച് രാജ്യ തലസ്ഥാനം; എ.ക്യു.ഐ 85 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടെ ആദ്യമായി ഏറ്റവും ശുദ്ധമായ വായു ശ്വസിച്ച് ഡല്‍ഹി നഗരം. ശനിയാഴ്ച വായു ഗുണനിലവാര സൂചികയില്‍ (എയര്‍ ക്വാളിറ്റി മാനേജ്മെന്റ് -എ.ക്യു.ഐ) 85 രേഖപ്പെടുത്തി. ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവിലെ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

2025 ല്‍ ആദ്യമായാണ് തൃപ്തികരമായ എ.ക്യു.ഐ രേഖപ്പെടുത്തുന്നതെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് പൂജ്യം മുതല്‍ 50 വരെയുള്ള എ.ക്യു.ഐ നല്ലത്, 51 മുതല്‍ 100 വരെയുള്ള എ.ക്യു.ഐ തൃപ്തികരം, 101 മുതല്‍ 200 വരെ മിതം, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശനിയാഴ്ച വൈകുന്നേരം ഏഴിന് രേഖപ്പെടുത്തിയ എ.ക്യു.ഐ 80 ആണ്. ശനിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഡല്‍ഹിയില്‍ ശനിയാഴ്ച ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസുമാണ്. ഇടിമിന്നലും മഴയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. മാര്‍ച്ച് 16 ഞായറാഴ്ച മൂടിയ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. ചെറിയ മഴയുണ്ടായേക്കും. 17 ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനിലയും 32 ഡിഗ്രിവരെ ഉയര്‍ന്ന താപനിലയും പ്രതീക്ഷിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.