ടെല്‍ അവീവ്: ഗാസയിലെ വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍.
എന്നാല്‍ എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അമേരിക്കയുമായി സഹകരിച്ചാണ് നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ ഇസ്രയേലിന്റെ പക്കല്‍ ആക്രമണമേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് വിദേശകാര്യ മന്ത്രി ഗിദയോന്‍ സാര്‍ വ്യക്തമാക്കി. ഹമാസിന്റെ കൈയലലുള്ള 59 ബന്ദികളെയും മോചിപ്പിക്കും വരെ ആക്രമണം തുടരും. കളിയിലെ നിയമങ്ങള്‍ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ കീഴടങ്ങാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദിന്റെ വക്താവ് നജി അബു സൈഫും ഭാര്യയും കഴിഞ്ഞ ദിവസത്തെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.