ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21 ന് അര്‍ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തെ തുടർന്ന് കുറഞ്ഞത് 120 വിമാനങ്ങളെങ്കിലും വഴി തിരിച്ചുവിട്ടതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നീ വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സബ്‌സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150 ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളിലും കാര്യമായ തടസങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.