വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ മാർപാപ്പ ശ്വസിക്കുന്നെന്ന് വത്തിക്കാൻ അറിയിച്ചു. ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ കുറഞ്ഞ അളവിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പാപ്പയുടെ ശ്വസന പ്രവർത്തനങ്ങളിൽ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടർമാർ ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ലെന്നും വത്തിക്കാൻ പ്രസ്താവനയിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ സന്ദർശകരെ ആരെയും സ്വീകരിച്ചില്ല. പക്ഷേ പ്രാർത്ഥന, തെറാപ്പി എന്നിവയിൽ സമയം ചിലവഴിച്ചു.
കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ ഈ ഞായറാഴ്ചയും ആഞ്ചലസ് ഉണ്ടാകില്ല. പകരം മാർപപാപ്പയുടെ ഞായറാഴ്ച മെസേജ് മാത്രമായിരിക്കും ഉണ്ടാവുകയെന്നും വത്തിക്കാൻ അറിയിച്ചു. പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അടുത്ത മെഡിക്കൽ ബുള്ളറ്റിൻ തിങ്കളാഴ്ച പുറപ്പെടുവിക്കും.
ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജെമെലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.