ബംഗളൂരു: സ്‌കൂള്‍ സയന്‍സ് എക്സിബിഷനില്‍ ഇസ്ലാം മത ആശയങ്ങള്‍ ഉള്‍പ്പെടുത്തി പ്രോജക്ടിന്റെ പ്രദര്‍ശനം നടത്തിയതില്‍ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ചാമരാജ നഗറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രോജക്ട് വര്‍ക്ക് ആണ് വിമര്‍ശനം നേരിടുന്നത്.
പ്രോജക്ടിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം സ്‌കൂളുകളില്‍ നല്‍കുന്ന വിദ്യാഭ്യാസം സംബന്ധിച്ച് ചോദ്യം ഉയരുകയാണ്.
ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുടെ പാവയും ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ പാവയും രണ്ട് ശവപ്പെട്ടികളുമാണ് വിദ്യാര്‍ഥിയുടെ പ്രോജക്ട് വര്‍ക്കിലുള്ളത്. ബുര്‍ഖ ധരിച്ച പാവയുടെ സമീപത്തായുള്ള ശവപ്പെട്ടിയിലെ മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിച്ചിരിക്കുന്നതായി കാണാം. ചെറിയ വസ്ത്രം ധരിച്ച പാവയുടെ അടുത്തുള്ള ശവപ്പെട്ടിയിലെ മൃതദേഹത്തില്‍ പാമ്പുകളും തേളുകളുമാണുള്ളത്.
'നിങ്ങള്‍ ബുര്‍ഖ ധരിക്കുകയാണെങ്കില്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിന് ഒന്നും സംഭവിക്കില്ല. എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ നരകത്തില്‍ പോകും. നിങ്ങളുടെ മൃതശരീരം പാമ്പുകളും തേളുകളും ഭക്ഷിക്കും'എന്നാണ് വിദ്യാര്‍ഥി വിവരിക്കുന്നത്.
ബുര്‍ഖ ധരിക്കാതെ ഭാര്യയെ വീട്ടില്‍ ചുറ്റി നടക്കാന്‍ അനുവദിക്കുന്ന പുരുഷന്‍ ദയൂസ് ആണന്നും വിദ്യാര്‍ഥി പറയുന്നു. ഒരു സ്‌കൂള്‍ പ്രദര്‍ശനത്തില്‍ ഇത്തരം പ്രോജക്ടുകള്‍ക്ക് എങ്ങനെ അനുവാദം നല്‍കുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാര്‍, കര്‍ണാടക ഡിജിപി എന്നിവരോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും അന്വേഷണം നടക്കുകയാണെന്നും ചാമരാജ നഗര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്‌ളിക് ഇന്‍സ്ട്രക്ഷന്‍ (ഡിഡിപിഐ) അറിയിച്ചു.