കെയ്റോ: ചെങ്കടല്‍ തീരത്തുള്ള ഹുര്‍ഗദയില്‍ ടൂറിസ്റ്റ് അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ട് ആറ് മരണം. രണ്ട് കുട്ടികളടക്കം ആറ് റഷ്യന്‍ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. 19 പേര്‍ക്ക് പരിക്കേറ്റതായും അതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറ് പേരുടെ മരണം സ്ഥിരീകരിച്ചതായി ജനറല്‍ കോണ്‍സല്‍ വിക്ടര്‍ വോറോപേവിനെ ഉദ്ധരിച്ച് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് ഏകദേശം 460 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഹുര്‍ഗദയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുര്‍ഗദ ഈജിപ്തിലേക്ക് വരുന്ന സന്ദര്‍ശകരുടെ ഒരു പ്രധാന കേന്ദ്രമാണ്.
പവിഴപ്പുറ്റുകള്‍ നിരീക്ഷിക്കുന്നതിനായി 45 വിനോദസഞ്ചാരികളുമായി വെള്ളത്തിനടിയില്‍ വിനോദയാത്ര നടത്തിയ അന്തര്‍വാഹിനിയാണ് പ്രാദേശിക സമയം രാവിലെ 10:00 ഓടെ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് തകര്‍ന്നത്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.