ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ന് ലോക്സഭയുടെ അംഗീകാരം. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
വിനോദ സഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ ശക്തമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണ വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമെ കേന്ദ്ര സര്‍ക്കാര്‍ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു അഗതി മന്ദിരമല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യ പുരോഗതിക്ക് സംഭാവന നല്‍കുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും സമ്പദ്വ്യവസ്ഥയേയും വ്യാപാരത്തേയും അഭിവൃദ്ധിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തുന്ന ഓരോ വിദേശപൗരന്റേയും കൃത്യമായ വ്യക്തി വിവരങ്ങള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും അദേഹം പറഞ്ഞു.
മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന റോഹിഗ്യന്‍ കുടിയേറ്റക്കാരെ കുറിച്ചും അമിത് ഷാ പരാമര്‍ശിച്ചു. വ്യക്തി ലാഭത്തിനായി ഇന്ത്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബില്‍ ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുകയും 2047 ഓടെ വികസിത രാജ്യമായി മാറുന്നതിന് ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.