മധുര: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്യേണ്ടി വന്ന മോഹന്‍ലാല്‍-പ്രഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സിനിമയില്‍ അണക്കെട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയില്‍ സാങ്കല്‍പ്പിക പേരിലാണ് അണക്കെട്ടെങ്കിലും ഇത് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് ഒഴിവാക്കിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്നാട് കമ്പത്തെ ഗോകുലം ചിറ്റ്സ് ശാഖയ്ക്ക് മുന്നില്‍ നാളെ ഉപരോധ സമരം നടത്തുമെന്ന് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ ബാലസിങ്കം പറഞ്ഞു.
'മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലെ ബന്ധം തകരാന്‍ കാരണമാകും. നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയില്‍ പറയുന്നു. തടയണകള്‍ ഉപയോഗ ശൂന്യമാണെന്നുള്ള സംഭാഷണങ്ങളും സിനിമയിലുണ്ട്. ഇവ മ്യൂട്ട് ചെയ്യണം'- ബാലസിങ്കം ആവശ്യപ്പെട്ടു.