ന്യൂഡല്‍ഹി: യുവാക്കളുടെ മനസുകളില്‍ പ്രതീക്ഷയില്ലാത്തതാണ് അവര്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാകുന്നതിന്റെ കാരണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ മനസുകളില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സ്വന്തം സിരകളില്‍ ലഹരി മരുന്ന് നിറയ്ക്കുമെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിന്നുള്ള ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ആദിത്യ രവീന്ദ്രന്‍, ഡോ. ഫാത്തിമ അസ്ല എന്നിവരാണ് രാഹുലുമായി ആശയ വിനിമയം നടത്തിയത്. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴി തെറ്റിക്കുന്നത്. സമ്മര്‍ദത്തിന്റെ ഭാരത്തില്‍ വലയുന്ന യുവാക്കള്‍ ലഹരി മരുന്നിലേക്ക് തിരിയുകയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
'സമൂഹത്തില്‍ ഐക്യം കുറഞ്ഞു. കുട്ടികള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസമുള്ള ഇടമായി ഇവിടം മാറി. സമൂഹത്തില്‍ ആക്രമണമുണ്ട്, തൊഴിലില്ലായ്മയുണ്ട്. കൂടാതെ ആര്‍ക്കും ഭാവിയെ പറ്റി കൃത്യമായ കാഴ്ചപ്പാടുകളില്ല.
അതുകൊണ്ടാണ് ലഹരിയും മദ്യവുമെല്ലാം യുവാക്കള്‍ക്കിടയിലേക്ക് എത്തുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഇതില്‍ ഒരുപാട് പങ്കുണ്ട്. അതും മാറ്റേണ്ടതുണ്ട്. ചോദ്യം ചോദിക്കാന്‍ ഇന്ന് എവിടെയും പഠിപ്പിക്കുന്നില്ല. അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്'- രാഹുല്‍ പറഞ്ഞു..
കുട്ടികള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നല്‍കാന്‍ നാം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം, ലഹരി മരുന്നിന്റെ അപകടങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവരുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുലിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്.