'ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംശയാസ്പദമായി ബോട്ടുകള്‍': രഹസ്യ വിവരത്തിന് പിന്നാലെ നാവിക സേനയുടെ തിരച്ചില്‍; 2,500 കിലോ ഹാഷിഷും ഹെറോയിനും പിടികൂടി

'ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംശയാസ്പദമായി ബോട്ടുകള്‍': രഹസ്യ വിവരത്തിന് പിന്നാലെ നാവിക സേനയുടെ തിരച്ചില്‍; 2,500 കിലോ ഹാഷിഷും ഹെറോയിനും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേന നടത്തിയ വന്‍ ലഹരി വേട്ടയില്‍ 2,500 കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍ ഐഎന്‍എസ് തര്‍കശ് ആണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

മാര്‍ച്ച് 31 ന് പട്രോളിങിനിടെയാണ് സംശയാസ്പദമായി ബോട്ടുകളുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചത്. അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ച വിവരം പിന്നാലെ നാവിക സേനയുടെ പി 81 എയര്‍ ക്രാഫ്റ്റ് ഐഎന്‍എസ് തര്‍കശിന് കൈമാറി. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തുകയും ഒന്നില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

2,386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കള്‍ എവിടെ നിന്നാണ് കൊണ്ടു വന്നത്, എങ്ങോട്ടാണ് കൊണ്ടു പോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.