12 മണിക്കൂര്‍ നീണ്ട ചര്‍ച്ച: ലോക്‌സഭ കടന്ന് വഖഫ് ഭേദഗതി ബില്‍; ഇന്ന് രാജ്യസഭയില്‍

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച: ലോക്‌സഭ കടന്ന് വഖഫ് ഭേദഗതി ബില്‍; ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വഖഫ് ഭേദഗതിബില്ല് ലോക്സഭയില്‍ പാസായി. വോട്ടെടുപ്പില്‍ 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്.

ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതി ബില്ല് പാസായത്. 232 പേര്‍ ബില്ലിനെ എതിര്‍ത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 നാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. രാത്രി 12 വരെ ചര്‍ച്ച നീണ്ടു. എംപിമാര്‍ തമ്മിലുള്ള വാക്പോരുകള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമാണ് ബില്ലില്‍ വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളിയത്. ഇ.ടി ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും തള്ളിയിരുന്നു.

ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ ലൈവായി കണ്ട മുനമ്പത്തെ സമരക്കാര്‍ പടക്കം പൊട്ടിച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. മുനമ്പത്തെ പ്രശ്നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി 

പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു.
ഭരണകക്ഷിയായ എന്‍ഡിഎ നിയമനിര്‍മാണം ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമാണെന്ന് വാദിച്ചപ്പോള്‍ പ്രതിപക്ഷം ബില്ലിനെ മുസ്ലീം വിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.