ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വയനാട് എംപി പ്രിയങ്ക ഗാന്ധി. വഖഫ് ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഒരു സമയത്തും പ്രിയങ്ക ലോക്സഭയില്‍ എത്തിയിരുന്നില്ല. പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് പ്രിയങ്ക വിശദീകരണം നല്‍കിയോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളിലൊന്നാണ് വഖഫ് ബില്‍. അങ്ങനെയൊരു ബില്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ വയനാട് എംപി പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസ് നല്‍കിയ വിപ്പും വയനാട് എംപി പരിഗണിച്ചില്ല. മുഴുവന്‍ എംപിമാരും സഭയിലുണ്ടാകണമെന്നും പാര്‍ട്ടി പറയുന്ന നിലപാടിനൊപ്പം നില്‍ക്കണമെന്നുമാണ് വിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രിയങ്ക സഭയിലെത്തുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്തില്ല. രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ ലോക്സഭയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് എത്തുകയായിരുന്നു.
ഗൗരവമായുള്ള കാര്യങ്ങള്‍ക്കെല്ലാതെ ആരെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു ഇക്കാര്യത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.