സോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഇംപീച്ച്മെൻ്റ് നടപടി ഭരണഘടനാ കോടതി ശരിവച്ചു. ഔദ്യോഗിക സ്ഥാനത്ത് നിന്നും സുക് യോളിനെ നീക്കി.
കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ ഇംപീച്ച്മെന്റ് കോടതിയുടെ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന ശരിവയ്ക്കുകയായിരുന്നു. എത്രയും വേഗം പദവിയൊഴിയണമെന്നാണ് വിധി. പ്രസിഡന്റ് വസതി ഉള്‍പ്പെടെ വേഗം ഒഴിയേണ്ടിവരും. യൂന്‍ ഔദ്യോഗികമായി നീക്കപ്പെടുന്നതോടെ 60 ദിവസത്തിനകം ദക്ഷിണ കൊറിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
പട്ടാള നിയമത്തെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ തള്ളിയതോടെയാണ് യൂനിന് ഇംപീച്ച്മെന്റ് നേരിടേണ്ടി വന്നത്. പാർലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇംപീച്ച്മെന്റില്‍ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് അവസാന വാക്ക്. എട്ട് അംഗങ്ങളുള്ള ബെഞ്ചില്‍ ആറ് പേരെങ്കിലും അനുകൂലിക്കേണ്ടിയിരുന്നു. എന്നാല്‍ ബെഞ്ച് ഐകകണ്ഠ്യേന ഇംപീച്ച്മെന്റ് നടപടി ശരിവയ്ക്കുകയായിരുന്നു.
ഗുരുതരമായ ദേശീയ പ്രതിസന്ധി ഇല്ലാതിരിക്കെ പട്ടാള നിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ബെഞ്ച് കണ്ടെത്തി. യൂന്‍ പറയുന്ന കാരണങ്ങള്‍ ഒരിക്കലും നിതീകരിക്കാനാകില്ല. പട്ടാള നിയമം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങളും പാലിച്ചിരുന്നില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും സേനാ മേധാവി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും ആക്ടിങ് ഹെഡ് ജഡ്ജ് മൂണ്‍ ഹ്യൂങ് ബേ വ്യക്തമാക്കി.