ചൈനയ്ക്ക് മാത്രം ഇളവില്ല; പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

 ചൈനയ്ക്ക് മാത്രം ഇളവില്ല; പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: താരിഫ് യുദ്ധത്തില്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്ക്ക് ഇളവില്ലെന്ന് മാത്രമല്ല ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. 

ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.

വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടും മുമ്പാണ് യു.എസ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചത്.

വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍ വരികയും ചെയ്തു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.