വാഷിങ്ടണ്‍: രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ സ്വയം പുറത്ത് പോകാന്‍ തയ്യാറാകുകയാണെങ്കില്‍ പണവും വിമാന ടിക്കറ്റും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറ്റവാളികളെ നാടുകടത്തുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ഇതെന്നും അദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ നല്ലവരായ കുടിയേറ്റക്കാര്‍ക്ക് ഭാവിയില്‍ നിയമപരമായി തിരികെ വരാന്‍ അവസരം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫോകസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ട്രംപ് തന്റെ മുന്‍കാല കര്‍ശന കുടിയേറ്റ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായി വിലയിരുത്തപ്പെടുന്നതാണ് പുതിയ പ്രഖ്യാപനം. നേരത്തെ വന്‍ തോതിലുള്ള നിര്‍ബന്ധിത നാടുകടത്തലിനും അതിര്‍ത്തി സുരക്ഷ ശക്തമാക്കലിനും ഊന്നല്‍ നല്‍കിയിരുന്ന അദേഹം ഇപ്പോള്‍ കുടിയേറ്റക്കാരെ മികച്ച രീതിയില്‍ രാജ്യം വിടാന്‍ പ്രേരിപ്പിക്കുകയാണ്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ളവരെ സൈനിക വിമാനങ്ങളില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങല അണിയിച്ച് നാടുകടത്തിയതും വലിയ പ്രതഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍, സമയക്രമം, സ്‌റ്റൈപ്പന്റിന്റെ തുക തുടങ്ങിയവ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നീക്കത്തിലൂടെ ഹോട്ടലുകളിലും കൃഷിയിടങ്ങളിലും തൊഴിലാളികളുടെ ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എല്‍ സാല്‍വഡോര്‍, കൊളംബിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് തിരികെ എത്തുന്നവര്‍ക്ക് പിന്തുണ നല്‍കാനും പദ്ധതിയുണ്ട്.
അതേസമയം കുടിയേറ്റ അനുകൂല സംഘടനകള്‍ ഈ നയത്തേയും വിമര്‍ശിച്ച് രംഗത്തെത്തി. ഇത് കുടുംബങ്ങളെ വേര്‍പെടുത്തുകയും സമൂഹങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിയമപരമായ വെല്ലുവിളികളും പദ്ധതിയെ ബാധിച്ചേക്കാം. 11.7 ദശലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. ഇവരെ കൈകാര്യം ചെയ്യാന്‍ വന്‍തോതിലുള്ള ഫണ്ടും ലോജിസ്റ്റിക്‌സും ആവശ്യമാണ്.
അതേസമയം സിബിപി ഹോം ആപ്പ് വഴി സ്വയം-നാടുകടത്തല്‍ സുഗമമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ പദ്ധതി ട്രംപിന്റെ കുടിയേറ്റ നയത്തിലെ പുതിയ മുഖമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ അതിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും വരും മാസങ്ങളില്‍ കണ്ടറിയാം. അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന മുന്നറിയിപ്പുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നിര്‍ദേശം പാലിക്കാത്തവര്‍ നിര്‍ബന്ധിത നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഭരണകൂടം അറിയിച്ചു.