ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഈ കാലയളവിൽ ഔദ്യോഗികമായ ചടങ്ങുകൾ ഉണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയെ ഒരു മതനേതാവ് എന്ന നിലയിൽ മാത്രമല്ല ലോകസമ്മതനായ, മാനവികതക്ക് വേണ്ടി നിലകൊണ്ട ഒരു ലോകനേതാവായാണ് ലോകം കണ്ടിരിക്കുന്നത് എന്നതിന്റെ തെളിവ് ആണിത്.
കത്തോലിക്കരുടെ എണ്ണത്തിൽ ഏഷ്യയിലെ രണ്ടാമത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, മതാന്തര സംവാദം എന്നിവയെക്കുറിച്ചുള്ള മാർപാപ്പയുടെ വിപ്ലവകരമായ നിലപാടുകൾ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു.
"പ്രക്ഷുബ്ധമായ ഒരു ലോകത്ത് ഫ്രാൻസിസ് മാർപാപ്പ കാരുണ്യത്തിന്റെ ഒരു ദീപസ്തംഭമായിരുന്നു. ദരിദ്രർക്കും കുടിയിറക്കപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശബ്ദം ആഗോള മനസാക്ഷിയിലെ മായാത്ത മുദ്രയാണ്. നികത്താനാവാത്ത ഈ നഷ്ടത്തിൽ ലോകത്തോടൊപ്പം ദുഖാചരണത്തിൽ ഇന്ത്യയും പങ്ക് ചേരുന്നു"പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വത്തിക്കാൻ അന്ത്യകർമങ്ങൾക്കായി തയാറെടുക്കുമ്പോൾ മതപരമായ അതിരുകൾക്കപ്പുറമുള്ള പ്രഭാവപൂർണമായ ഒരു വ്യക്തിത്വമായാണ് ലോകം ഫ്രാൻസിസ് മാർപാപ്പയെ കാണുന്നത് എന്ന് തെളിയിക്കുന്നു ലോകരാഷ്ട്രങ്ങൾ.