ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിരോധിച്ചു; വാര്‍ത്തകള്‍ തള്ളി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിരോധിച്ചു; വാര്‍ത്തകള്‍ തള്ളി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍

ന്യൂഡല്‍ഹി: ചില ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രേലിയ വിസ നിഷേധിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി ഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവയടക്കം ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നത് ഓസ്ട്രേലിയ നിര്‍ത്തലാക്കി എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണെന്നും ഓസ്ട്രേലിയ അതിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്ന നടപടി തുടരുമെന്നും ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വിസ നല്‍കുന്നത് ഓസ്ട്രേലിയ നിര്‍ത്തലാക്കി എന്നായിരുന്നു വ്യാജ വാര്‍ത്തകളിലെ ഉള്ളടക്കം. ഓസ്ട്രേലിയയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകളില്‍ വന്നത്. എന്നാല്‍ കാലഹരണപ്പെട്ട റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള തെറ്റായ വിവരങ്ങളാണ് വാര്‍ത്തകള്‍ക്കായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് ഹൈക്കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

2023 ല്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകളിലെ വിവരങ്ങളാണ് മാധ്യമങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. ചില ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളെക്കുറിച്ച് ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ക്ക് ഉണ്ടായിരുന്ന താല്‍ക്കാലിക ആശങ്കകള്‍ എടുത്തുകാണിക്കുന്ന ഒരു റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് ദി ഓസ്ട്രേലിയന്‍ ടുഡേയില്‍ വന്നിരുന്നു.

വിസ തട്ടിപ്പ് കേസുകളും വിദ്യാര്‍ത്ഥികളുടെ പരാതികളും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഓസ്ട്രേലിയന്‍ സര്‍വകലാശാലകളുടെ ആശങ്കകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഓസ്ട്രേലിയന്‍ ടുഡേയില്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥി വിസകള്‍ താല്‍കാലികമായി ചില സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചതായി ആ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിസ്‌ക് മാനേജ്മെന്റിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്തിട്ടുള്ള ആഭ്യന്തര നടപടി മാത്രമായിരുന്നു അത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത വിലക്കായിരുന്നില്ല.

അന്ന് വോളോങ്കോങ് സര്‍വകലാശാലയും ഫെഡറേഷന്‍ സര്‍വകലാശാലയും വിസ വിലക്കുകളൊന്നുമില്ലെന്നും വിസ നടപടികളുടെ സമഗ്രത നിലനിര്‍ത്തുന്നതിനായി നയങ്ങള്‍ അവലോകനം ചെയ്തുവരികയാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ അത് പരക്കെ തെറ്റിദ്ധാരണയുണ്ടാക്കിയതായും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

1,25,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഓസ്ട്രേലിയയില്‍ പഠനം നടത്തുന്നുണ്ട്. ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സംഘമാണിതെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീസ അനുവദിക്കുന്നത് തുടരുമെന്നും അദ്ദേഹം വിശദമാക്കി. വിദ്യാഭ്യാസ രംഗത്ത് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹികപരമായ സംഭാവനകളെയും അവര്‍ വെച്ചുപുലര്‍ത്തുന്ന മൂല്യങ്ങളെയും വിലമതിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയില്‍ അടിസ്ഥാന സൗകര്യ മേഖലയിലെ തിരക്ക് കുറയ്ക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം താല്‍കാലികമായി കുറയ്ക്കാന്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലഹരണപ്പെട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള നയങ്ങള്‍ക്കോ നടപടികള്‍ക്കോ ഈ നിര്‍ദേശം കാരണമായിട്ടില്ല. വിസ അനുവദിക്കുന്നത് ഒരു രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.