ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ (ഇന്ദസ് വാട്ടര്‍ ട്രീറ്റി) മരവിപ്പിച്ച് ഇന്ത്യ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കരാര്‍ റദ്ദാക്കിയ കാര്യം പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. പാകിസ്ഥാന്റെ തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും, കരാര്‍ പ്രകാരമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ ആവശ്യങ്ങളോട് പ്രതികരിക്കാത്തതും കരാര്‍ ലംഘനവുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് കേന്ദ്ര ജല മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയും-പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും മോശകരമായ സാഹചര്യത്തിലാണ്. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ ത്വയ്ബയുടെ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടേയുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്.
പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍, മൂന്ന് ഭീകരരില്‍ രണ്ടുപേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് ജമ്മു കാശ്മീര്‍ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഹല്‍ഗാം ആക്രമണത്തെ, പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരവാദത്തിന്റെ ഭാഗമായി വിലയിരുത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടേയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
കരാര്‍ റദ്ദാക്കിയതിനോടൊപ്പം തന്നെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ നിന്ന് നയതന്ത്ര-പ്രതിരോധ ഉദ്യോഗസ്ഥരേയും ഇന്ത്യ പുറത്താക്കിയിരുന്നു. ട്ടാരി-വാഗാ അതിര്‍ത്തി അടച്ചുപൂട്ടി. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെ വിസ, മെഡിക്കല്‍ വിസ ഉള്‍പ്പെടെ റദ്ദാക്കുകയും ഏപ്രില്‍ 27 നകം രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ ഇളവുണ്ട്. പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
അതേസമയം ഇന്ത്യക്കുള്ള മറുപടിയെന്നോണം ഷിംല കരാറില്‍ നിന്ന് പിന്മാറുന്നതായും ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമ മേഖലയില്‍ കടക്കുന്നത് നിരോധിച്ചതായും പാകിസ്ഥാന്‍ അറിയിച്ചു. സമാനമായ രീതിയില്‍ പാക് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം ഇന്ത്യയും ആലോചിക്കുകയാണ്.
സര്‍വകക്ഷി യോഗം
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും പ്രമുഖ കക്ഷി നേതാക്കളും പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച അടിയന്തര നടപടിക്രമങ്ങള്‍ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു.
ബൈസരണ്‍ താഴ്‌വര വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കിയതായി ചര്‍ച്ചയില്‍ പങ്കെടുത്ത ഹാരിസ് ബീരാന്‍ എംപി അടക്കമുള്ളവര്‍ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ഉന്നയിച്ചു.