ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും. അനന്ദനഗറിലെത്തുന്നു അദേഹം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി യാത്ര വെട്ടിച്ചുരുക്കി ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും ആക്രമണത്തില്‍ കൂട്ടായ പ്രതികരണം രൂപീകരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണച്ചതിന് പാകിസ്ഥാനെതിരെ ശക്തമായ പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്നിധ്യത്തില്‍ ചേര്‍ന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണം പാകിസ്ഥാന്‍ വിശ്വസനീയമായും പിന്‍വലിക്കാന്‍ ആവാത്ത വിധത്തിലും ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷ പിന്തുണയുണ്ടെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടികളും ഇതിനെ ഒരുപോലെ അപലപിച്ചു. ഏത് നടപടിയും സ്വീകരിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.