ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകള്‍ വെള്ളിയാഴ്ച സുരക്ഷാ സേനയും ജമ്മു കാശ്മീര്‍ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ബിജ്‌ബെഹാരയിലെ ലഷ്‌കര്‍ ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ചുള്ള പൊട്ടിത്തെറിയിലൂടെ നശിപ്പിച്ചു. ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.
26 പേരുടെ മരണത്തിനിടയാക്കിയ ബൈസരന്‍ താഴ്‌വരയില്‍ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ ഭീകരരെ സഹായിച്ചതില്‍ ആദില്‍ തോക്കര്‍ പ്രധാന പങ്ക് വഹിച്ചതായി കരുതപ്പെടുന്നു. 2018 ല്‍ പഞ്ചാബിലെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ തോക്കര്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറിയതിന് മുമ്പ് തീവ്രവാദ ക്യാമ്പുകളില്‍ പരിശീലനം നേടി.
ആക്രമണം നടത്തിയ തോക്കറിനെയും രണ്ട് പാകിസ്ഥാന്‍ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികള്‍ക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതോടെ മൂവരുടെയും രേഖാചിത്രങ്ങളും പുറത്തുവിട്ടു. മൂസയും അലിയും ഏകദേശം രണ്ട് വര്‍ഷമായി താഴ്‌വരയില്‍ സജീവമാണെന്ന് പൊലീസ് വ്യക്തമാക്കി.