ടെഹ്‌റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഞെട്ടി ഇറാന്‍. നാല് പേര്‍ മരിച്ച പൊട്ടിത്തെറിയില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് നിഗമനം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും അത്യാധുനിക തുറമുഖമായ റജായി തുറമുഖത്തിലെ കണ്ടൈനറുകളാണ് പെട്ടിത്തെറിച്ചത്.
ഷാഹിദ് റജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് തുറമുഖം.
ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്‌ഫോടനമെന്നതും ചര്‍ച്ചയാകുന്നുണ്ട്.
2020 ല്‍ തുറമുഖത്തിന് നേരെ സൈബര്‍ അറ്റാക്ക് നടന്നിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമുണ്ടായതായി വിവരമുണ്ട്.