ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. വനമേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിന്റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.
പാകിസ്ഥാന്‍ ബന്ധമുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയ്ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സി ആദ്യം കണ്ടെത്തിയിരുന്നു. നിലവില്‍ ജമ്മു കാശ്മീര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ എന്‍ഐഎയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഭീകരരുടെ രാജ്യാന്തര ബന്ധം കൂടുതല്‍ വെളിവായതോടെയാണ് അന്വേഷണം പൂര്‍ണ്ണമായും എന്‍ഐഎ ഏറ്റെടുത്തത്.
അഞ്ച് ഭീകരരുടെ രേഖ ചിത്രങ്ങള്‍ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വനമേഖലയില്‍ ട്രോണുകളും ഹെലികോപ്റ്ററും അടക്കം ഉപയോഗിച്ച് പരിശോധന തുടരുകയാണ്. അതിനിടെ പല ഭാഗങ്ങളിലും സൈന്യത്തിന് നേരെ ഏറ്റുമുട്ടല്‍ ആവര്‍ത്തിക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം വിലയിരുത്തുന്നത്.
അതേസമയം പാകിസ്ഥാനെതിരെ നയതന്ത്ര യുദ്ധത്തിന് പുറമേ സൈനിക നടപടികളിലേക്കും ഇന്ത്യ കടന്നേക്കുമെന്നാണ് സൂചന.