പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. പുതൂർ ചെമ്പുവട്ടക്കാട് ഉന്നതിയിൽ അറുപത് വയസുകാരനായ കാളിക്കാണ് കാലിൽ പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കാളിയെ വനം വകുപ്പ് കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയിൽ കാളിയെ കണ്ടത്.
സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണ് സുഗന്ധഗന്ധി എന്നാണ് നാട്ടുകാർ പറയുന്നത്. വനം വിട്ട് കാട്ടാനകൾ അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്. കാട്ടാനകളെ ഉൾവനത്തിലേക്ക് കാടുകയറ്റി വിടാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.