വാഷിങ്ടൺ ഡിസി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് യു.എസ്. ഭീകരാക്രമണമത്തെ ശക്തമായി അപലപിക്കുന്നെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് അറിയിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് ഇമെയിൽ വഴി നൽകിയ പ്രസ്താവനയിലാണ് യുഎസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഉത്തരവാദിത്തത്തോടെ ഒരു പരിഹാരത്തില്‍ എത്തിച്ചേരാനായി ഇരുകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കാനാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നത്' എന്ന് പ്രസ്താവനയിൽ പറയുന്നു. ഭീകരാക്രമണത്തെ അപലപിച്ച യുഎസ് ഇന്ത്യക്കൊപ്പമാണെന്ന് ഊന്നിപ്പറഞ്ഞു.
നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭീകരാക്രമണത്തിൽ നടക്കം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന വാർത്തകൾ വന്നതിന് തൊട്ടടുത്ത ദിവസമാണ് യുഎസിന്റെ പരസ്യ പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നത്. ഏഷ്യയിൽ വർധിച്ച് വരുന്ന ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായിട്ടാണ് യുഎസ് കാണുന്നത്. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ യുഎസിന്റെ പിന്തുണ പാകിസ്ഥാനായിരുന്നു. എന്നാൽ 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസിന്റെ പിൻവാങ്ങലിന് ശേഷം പാകിസ്ഥാന്റെ തന്ത്രപരമായ പ്രാധാന്യം കുറഞ്ഞതായാണ് നിരീക്ഷണം.