കാബൂള്‍: ജമ്മു കാശ്മീരില്‍ പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി ദിവസങ്ങള്‍ക്കകം താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്താഖിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ ആനന്ദ് പ്രകാശാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ച.
അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് ആനന്ദ് പ്രകാശ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നല്ല നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ നിക്ഷേപകരെ അമീര്‍ഖാന്‍ ക്ഷണിക്കുകയും ചെയ്തു. അടുത്തകാലത്തായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ആശാവഹമായ പുരോഗതി കൈവരിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെ സമീപകാലത്തുണ്ടായ പ്രധാന സംഭവങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം ചര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം, ചരക്ക് ഗതാഗതം, വിസ നടപടികള്‍, രാഷ്ട്രീയ ബന്ധം എന്നിവയാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേക്കും സുഗമമായി യാത്ര ചെയ്യാന്‍ കഴിയണമെന്നും അഫ്ഗാനിസ്ഥാനിലുള്ള രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാതെ വിസ ലഭിക്കണമെന്നും താലിബാന്‍ മന്ത്രി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണെന്നും വിവിധ മേഖലകളില്‍ ഈ ബന്ധം വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതായി താലിബാന്‍ മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള സഹകരണം തുടരുമെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ആനന്ദ് പ്രകാശ് പറഞ്ഞതായി അമീര്‍ഖാന്‍ പറഞ്ഞു. അതേസമയം താലിബാനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം എക്സിലൂടെ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ താലിബാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ അനുശോചനം അറിയിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പ്രാദേശിക സുരക്ഷയെയും രാജ്യത്തിന്റെ അഖണ്ഡതയെയും ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.