ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്ന കാര്യം സൈന്യത്തിന് വിട്ട് പ്രാധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം.
തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന കാര്യത്തില്‍ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും നാളെ ചേരുന്നുണ്ട്. രാവിലെ 11 മണിക്കാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗം. ഇതിന് മുന്നോടിയായാണ് ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേര്‍ന്നത്.
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ പാകിസ്ഥാനെതിരേ സിന്ധു നദിജല കരാര്‍ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.