ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി. പൗരന്റെ അന്തസ് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ എസ്‌ഐയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച തമിഴ്നാട് മനുഷ്യാവകാശ കമ്മീഷന്റെ വിധി ശരിവെച്ചാണ് നടപടി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനായിരുന്നു എസ്ഐയ്ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പിഴ വിധിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ നടപടി പിന്നീട് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഈ നടപടി ചോദ്യം ചെയ്ത് ശ്രീവില്ലിപുത്തൂര്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പാവുല്‍ യേശുദാസന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തളളിയത്. 13 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടിയാണ് ശ്രീവില്ലിപുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവ് പരാതിയുമായി എത്തിയത്. എന്നാല്‍ പരാതി പരിഗണിക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ എസ്ഐ പാവുല്‍ യേശുദാസന്‍ തയ്യാറായില്ല.
പരാതിക്കാരന്റെ അമ്മയോട് മോശമായി സംസാരിച്ചുവെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് എസ്ഐയില്‍ നിന്ന് പിഴ ഈടാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്റെ വിധി ശരിവെച്ച ഹൈക്കോടതിയുടെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി.