ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍.
പാക് പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി ഇന്ത്യ നീട്ടി നല്‍കിയെങ്കിലും വാഗാ അതിര്‍ത്തി അടച്ച പാകിസ്ഥാന്‍ സ്വന്തം പൗരന്മാരെ തടയുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന ഒട്ടേറെ പാക് പൗരന്മാരാണ് അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 30 ന് അട്ടാരി അതിര്‍ത്തി അടയ്ക്കുമെന്നും ഇതിനകം പാക് പൗരന്മാര്‍ രാജ്യം വിടണമെന്നും ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് സമയ പരിധി നീട്ടി നല്‍കി. പക്ഷേ, പാകിസ്ഥാന്‍ വാഗാ അതിര്‍ത്തി അടച്ചിട്ടതിനാല്‍ ഇന്ന് ഇരു രാജ്യങ്ങളില്‍ നിന്നും ആര്‍ക്കും മറു ഭാഗത്തേക്ക് കടക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതുവരെ 786 പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. പാക് നയതന്ത്ര ഉദ്യോഗസ്ഥരായ 55 പേരും ഇതില്‍ ഉള്‍പ്പെടും. ഇതേ സമയം, പാകിസ്ഥാനില്‍ നിന്ന് വാഗാ അതിര്‍ത്തിയിലൂടെ 1465 ഇന്ത്യക്കാരും തിരിച്ചെത്തി.