ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദിയെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
തിരിച്ചടിക്ക് സമയവും സാഹചര്യവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെ സൈന്യം കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണ്. ഇതിന്റെ പുരോഗതി കരസേനാ മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷാ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കം വിലയിരുത്തിയിരുന്നു.
അതിനിടെ പഞ്ചാബിലെ അമൃത്സറിലുളള ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ആയുധ ശേഖരം സുരക്ഷാ സേന കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം അമൃത്സറിലെ ഭരോപാലില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പഞ്ചാബ് പൊലീസും സംയക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, മൂന്ന് തോക്കുകള്‍, ആറ് മാഗസീനുകള്‍, 50 വെടിയുണ്ടകള്‍ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.