വിജയവാഡ: പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഇത്തരത്തില്‍ മത പരിവര്‍ത്തനം നടത്തിയാല്‍ അതുവഴി എസ്.സി/എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഗുണ്ടൂര്‍ ജില്ലയിലെ കൊത്തപാളത്ത് നിന്നുള്ള പാസ്റ്റര്‍ ചിന്താട ആനന്ദ് ഉള്‍പ്പെട്ട കേസില്‍ ജസ്റ്റിസ് എന്‍. ഹരിനാഥ് ആണ് വിധി പുറപ്പെടുവിച്ചത്. എസ്.സി/എസ്.ടി നിയമ പ്രകാരമാണ് ചിന്താട ആനന്ദ് പരാതി നല്‍കിയിരുന്നത്.
2021 ജനുവരിയിലാണ് അക്കാല റാമി റെഡ്ഡിയും മറ്റുള്ളവരും ജാതിയുടെ പേരില്‍ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആനന്ദ് ചന്ദോളു പൊലീസില്‍ പരാതി നല്‍കിയത്. ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണ് ആനന്ദ്.
എസ്.സി/എസ്.ടി നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമി റെഡ്ഡിയും മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ചു. ക്രിസ്തു മതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിച്ച ആനന്ദിന് പട്ടിക ജാതിയുമായി ബന്ധപ്പെട്ട് 1950 ലെ ഭരണഘടനാ ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഫാനി ദത്ത് വാദിച്ചു.
ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടിക ജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്നും ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു. ആനന്ദിന് സാധുവായ ഒരു എസ്.സി ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും നിയമ പ്രകാരമുള്ള സംരക്ഷണത്തിനുള്ള യോഗ്യത അദേഹത്തിന് ഉണ്ടെന്നും ആനന്ദിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ജാതി വ്യത്യാസങ്ങള്‍ നിലവിലില്ലാത്ത ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം നിലവിലുള്ള ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി അസാധുവാക്കുമെന്ന് ജസ്റ്റിസ് ഹരിനാഥ് വ്യക്തമാക്കി.
എസ്.സി/എസ്.ടി നിയമം പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങളെ വിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് നടപ്പിലാക്കിയതെന്നും എന്നാല്‍ അതിലെ വ്യവസ്ഥകള്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.