ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ കൂടുതല്‍ പങ്ക് വ്യക്തമായതായി എന്‍ഐഎ. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ (എല്‍ഇടി), പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), പാകിസ്ഥാന്‍ സൈന്യം എന്നിവയുടെ പങ്കാളിത്തം എന്‍ഐഎ സ്ഥിരീകരിച്ചു.
ഭീകരര്‍ക്ക് പ്രാദേശിക പിന്തുണ നല്‍കിയ 20 പേരെ തിരിച്ചറിഞ്ഞതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും എന്‍ഐഎ അറിയിച്ചു. ജമ്മുവിലെ കോട്ഭല്‍വാല്‍ ജയിലിലുള്ള ഒജിഡബ്ല്യുവില്‍പ്പെട്ട നിസാര്‍ അഹമ്മദ്, മുഷ്താഖ് ഹുസൈന്‍ എന്നിവരെ ചോദ്യം ചെയ്യാനും എന്‍ഐഎ തയ്യാറെടുക്കുകയാണ്. 2023 ല്‍ ഭാട്ട ധുരിയാനിലും ടോട്ടഗാലിയിലും സൈനിക വാഹന വ്യൂഹങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളെ സഹായിച്ചതിന് അറസ്റ്റിലായവരാണ് ഇരുവരും.
ഭീകരാക്രമണം ആസൂത്രണം ചെയ്തത് എല്‍ഇടിയും ഐഎസ്ഐയും ആണെന്നും ആവശ്യമായ സഹായം നല്‍കിയത് പാക് സൈന്യവുമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. ഭീകരാക്രമണത്തിലെ പ്രധാന പ്രതികളായ ഹാഷ്മി മൂസ, അലിഭായ് എന്നിവര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും അവരെ നിയന്ത്രിച്ചതും ഐഎസ്ഐ ആണെന്നും എന്‍ഐഎ പറയുന്നു. ഭീകരാക്രമണം നടത്തുന്നതിനായി നാല് സ്പോട്ടുകള്‍ തിരഞ്ഞെടുത്തതായും ഏപ്രില്‍ 15ന് തന്നെ ഭീകരര്‍ പ്രദേശത്ത് എത്തിയതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
പ്രദേശത്തുനിന്ന് 40 വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇവ ബാലിസ്റ്റിക് പരിശോധനയ്ക്കും രാസപരിശോധനയ്ക്കുമായി അയച്ചിരിക്കുകയാണ്. ഭീകരാക്രമണത്തിന് പിന്നാലെ 2800ലധികം പേരെ ചോദ്യം ചെയ്തതായും 150 പേര്‍ കസ്റ്റഡിയില്‍ തുടരുന്നതായും എന്‍ഐഎ വ്യക്തമാക്കി.