മെല്‍ബണ്‍: ഇന്ന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേയ്ക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനൊപ്പം വിവാദങ്ങളും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എബിസി ന്യൂസ്. പ്രചാരണത്തിനായി നാല് ലക്ഷത്തോളം ഡോളര്‍ (ഏകദേശം രണ്ടര കോടിയോളം ഇന്ത്യന്‍ രൂപ) വലിയ പ്രചാരമൊന്നും ഇല്ലാത്ത ഹോട് ഹൗസ് എന്ന മാസിക ചെലവഴിച്ചെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രദ്ധേയമായ കാര്യം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മാസികയുടെ പ്രര്‍വര്‍ത്തനം ആരംഭിച്ചതെന്നതാണ്. ഭരണകക്ഷിക്ക് അനുകൂലമായ വാര്‍ത്തകളും പോസ്റ്ററുകളും രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചുള്ള പരസ്യങ്ങളും ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനാണ് ഹോട് ഹൗസ് പണമൊഴുക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കല, വിനോദം, വാര്‍ത്തകള്‍ എന്നിവയുടെ ഇടം എന്നാണ് ഹോട് ഹൗസ് മാസികയെ ചീഫ് എഡിറ്ററായ മാറ്റ് ബ്രെയ് വിശേഷിപ്പിക്കുന്നത്. തങ്ങള്‍ മുടക്കിയ പണം ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ആണ് കണ്ടെത്തിയതെന്ന് അദേഹം പറയുന്നു.
പല പരസ്യങ്ങളും പ്രതിപക്ഷ നേതാവായ പീറ്റര്‍ ഡട്ടണെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്‌തൊരു കമ്പനിയാണ് ഹോട് ഹൗസ് കമ്പനി. നേരിയ മാര്‍ജിന്‍ ഉള്ള സീറ്റുകളില്‍ പോസ്റ്റ് കോഡ് ലക്ഷ്യം വച്ചുള്ള ഫേസ്ബുക് പരസ്യങ്ങള്‍ കഴിഞ്ഞ മാസം നടത്തിയതായും എബിസി കണ്ടത്തി. ഓസ്‌ട്രേലിയ പോലൊരു രാജ്യത്ത് പണം വാങ്ങിയുള്ള ഒളി ആക്രമണം ഭൂഷണം അല്ലെന്നും ഇവിടെ തങ്ങള്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം ആണ് അഭിലഷിക്കുന്നതെന്നും സെനറ്റര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ വ്യക്തമാക്കി.

അതേസമയം ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ആന്റണി ആല്‍ബനീസ് നയിക്കുന്ന സഖ്യമാണ് പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരം തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. ഇക്കുറി ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം. എന്നാല്‍ നേരിയ ഭൂരിപക്ഷം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചവരുടെ കൂട്ടത്തില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ഓസ്ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫെബ്രുവരി നാല് മുതല്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ക്കായി ഹോട്ഹൗസ് മാഗസിന്‍ 400,000 ഡോളറിലധികം ചെലവഴിച്ചു എന്നാണ് കണ്ടെത്തല്‍. എബിസി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഹോട് ഹൗസ് ഒരു മാസത്തിനിടെ ലിബറല്‍ സ്ഥാനാര്‍ത്ഥികളെ കടന്നാക്രമിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും പറയുന്നു. മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആഴ്ചകളോളം അത്തരം പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമാനമായ കാലയളവില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് ലേബര്‍ പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പരസ്യങ്ങള്‍ക്കായി 1,400,000 ഡോളറില്‍ കൂടുതല്‍ ചെലവഴിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റ് പേജുകളിലെ പരസ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഹോട് ഹൗസിനെ പണമടച്ച ആക്ടിവിസ്റ്റ് ഗ്രൂപ്പ് എന്നാണ് ലിബറല്‍ പാര്‍ട്ടി മുദ്രകുത്തിയത്.

ഏപ്രില്‍ 13 മുതല്‍ ഹോട്ട്ഹൗസ് യൂട്യൂബ് പരസ്യങ്ങള്‍ക്കായി 45,000 ഡോളറിലധികം ചെലവഴിച്ചു. പരസ്യങ്ങളില്‍ പലതും പീറ്റര്‍ ഡട്ടനെ ആക്രമിക്കുന്ന തരത്തില്‍ ഉള്ളതും ആയിരുന്നു. പ്രതിപക്ഷ നേതാവിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താരതമ്യം ചെയ്യുന്നതുള്‍പ്പെടെ അതില്‍ കാണാം.
ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. അതുകൊണ്ടു തന്നെ എക്കാലത്തേക്കാള്‍ കൂടുതല്‍ വോട്ടിങ് സെന്ററുകളും ഉണ്ടാകും. 40 ലക്ഷം പേര്‍ ഇതിനകം പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 2022 ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. വോട്ടര്‍ പട്ടികയില്‍ 710,000 പേര്‍ കൂടി (2022-2024 അവസാനം വരെയുള്ള കണക്ക്)ചേര്‍ന്നു. 7,000 പോളിങ് സ്റ്റേഷനുള്‍, 100 ല്‍ അധികം വിദേശ വോട്ടിങ് കേന്ദ്രങ്ങള്‍, 80,000 ബാലറ്റ് ബോക്സുകള്‍, സുഗമമായ നടത്തിപ്പിന് ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥര്‍, 14 ലക്ഷം സെക്യുരിറ്റി സീലുകളും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജ്ജമാക്കിയിരിക്കുന്നത്.